Friday, April 1, 2011

നിങ്ങളായിരുന്നെങ്കിലോ?

''അയാള്‍ ചെയ്യാത്തതൊന്നും
അവള്‍ ചെയ്തിട്ടില്ല
അവള്‍ ചെയ്യാത്തതൊന്നും
അയാള്‍ ചെയ്തിട്ടില്ല
എന്നിട്ടും അവരകന്നു
അയാള്‍ ചെയ്യാത്തത്
അവള്‍ ചെയ്തിരുന്നെങ്കില്‍
അവള്‍ ചെയ്യാത്തത്
അയാള്‍ ചെയ്തിരുന്നെങ്കില്‍
അവര്‍ തമ്മിലുള്ള അകല്‍ച്ച കുറയുമായിരുന്നോ?''

ഇക്കാലമത്രയും താന്‍ സല്ലപിച്ചിരുന്ന 'സൈബര്‍ ചാറ്റ്‌റൂം ഗേള്‍ഫ്രന്റ്' തന്റെ ഭാര്യയാണെന്നറിഞ്ഞപ്പോള്‍ നിരാശനായ ബേക്കര്‍ മെല്‍ഹെം അവളെ മൊഴിച്ചൊല്ലി. ജോര്‍ഡാന്‍ ന്യൂസ് ഏജന്‍സി പെട്രായുടെ ഹൃദയസ്​പര്‍ശിയായ റിപ്പോര്‍ട്ട് 'ഹിന്ദു'വില്‍ വായിച്ച് ഞാനാലോചിച്ചു. ഇനിയവര്‍ക്ക് ഒരുമിച്ചെന്നല്ല ഒറ്റയ്‌ക്കൊറ്റയ്ക്ക് പോലും ജീവിയ്ക്കാനാവുമോ? അവള്‍ക്ക് അവളിലും അയാളിലും അയാള്‍ക്ക് അയാളിലും അവളിലും ഇനിയെന്തുണ്ട് പ്രതീക്ഷിയ്ക്കാന്‍? കയ്ക്കുന്ന ആത്മാവുമായി അവരെങ്ങിനെ ഇനി കഴിയും?

ബെക്ര്‍ മെല്‍ഹെം, അഡ്‌നാന്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് വഴി ജമീലയുമായി ഹൃദയപൂര്‍വ്വം സംസാരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. തന്റെ നിരാശകളും പ്രതീക്ഷകളുമൊക്കെ അയാള്‍ അവളുമായി പങ്കിട്ടു. തന്നെ ഇങ്ങിനെ മനസ്സിലാക്കുന്നൊരാള്‍ അയാളുടെ ജീവിതത്തില്‍ ആദ്യമായിരുന്നു. ഇരട്ടസഹോദരന്മാരില്‍ ഒരാളായ അഡ്‌നാനെ അയാളുടെ അമ്മ പോലും പാതിയെ കേട്ടിരുന്നുള്ളു. 'പാതിയെ എന്നെ തോര്‍ത്തിച്ചിരുന്നുള്ളു, മാറാതത ജലദോഷത്തില്‍ നിന്ന് കാട്ടിയതാണീ മൃദുശബ്ദം' അയാള്‍ ഒരിയ്ക്കല്‍ ജമീലയോട് പറഞ്ഞു. അവളോ അയാളെ ഭാവനയോടെ കേട്ടു. ധ്വനികള്‍ കേള്‍ക്കുന്ന കാതുള്ള അയാളുടെ പരിചയത്തിലെ ആദ്യസ്ത്രീയായിരുന്നു ജമീല. വിലക്കപ്പെട്ട കനി ഒരു പ്രതീകമാണെന്നോര്‍ക്കാതെ കടിച്ചു തിന്നതിനാലാണ് സ്ത്രീയെ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് അടിച്ചു പുറത്താക്കിയതെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. അയാളുടെ അനവസരത്തിലെ കവിത്വം അയാളുടെ ഭാര്യയില്‍ അറപ്പുണ്ടാക്കിയിരുന്നു. നിങ്ങളുടെ കവിത കൊണ്ടുപോയി പുഴുങ്ങിത്തിന്നുക; അടുപ്പൊഴിഞ്ഞു കിടക്കുന്നു; ഭാര്യ അയാളോട് പറയുമായിരുന്നു. എന്നാല്‍ ഓഫീസിലും വീട്ടിലുമിരുന്ന് അഡ്‌നാന്‍ ആലോചിച്ചുണ്ടാക്കിയ വാക്യങ്ങള്‍ കേട്ട് ജമീല അതിശയിച്ചു. ഇവിടെയുണ്ടൊരാള്‍ ദൈവമേ, അവള്‍ പിറുപിറുത്തു. അഡ്‌നാന്റെ വാക്യങ്ങളെ രാത്രി മുഴുവന്‍ അവള്‍ കൂടെക്കിടത്തി. അവള്‍ അവയെ പുതപ്പിച്ചു. കള്ളക്കുട്ടികളെ ഉറങ്ങിക്കോളൂ; ഉറക്കമിളച്ചാല്‍ നീര്‍വീഴ്ചവരും. താനൊരു നീണ്ടതുരങ്കത്തില്‍ നിന്ന് അല്പാല്പമായി കണ്ടുതുടങ്ങിയ വെളിച്ചത്തിലേക്ക് വരുകയാണ്; അഡ്‌നാന്‍ പറഞ്ഞു. അയാളവളുടെ കൈവിരലുകള്‍ക്കൊക്കെ പേരിട്ടു കഴിഞ്ഞു, ഒക്കെ ലോകസാഹിത്യത്തിലെ വിഖ്യാത നായികമാരാണ്. ഉള്ളിയരിയുമ്പോള്‍ നിങ്ങളുടെ നടാഷയ്ക്ക് മുറിവ് പറ്റി; ഒരു ദിവസം ജമീല പറഞ്ഞു. അയാള്‍ ഭയങ്കരമായി പരിഭ്രമിച്ചു. ഡോക്ടറെക്കാണിച്ചില്ലേ; എന്റെ നടാഷയ്‌ക്കെന്തെങ്കിലും പറ്റിയാല്‍ നിന്റെ ഭര്‍ത്താവിനെ ഞാന്‍ വെച്ചേക്കില്ല. നടാഷയ്ക്ക് അയാള്‍ ചികിത്സകള്‍ നിര്‍ദ്ദേശിച്ചു. കെട്ടുമ്പോള്‍ വേദനിയ്ക്കാതെ നോക്കണേ; അധികം മുറുക്കണ്ട. അന്ന് അയാളുടെ ഭാര്യയുടെ കൈവിരലും മുറിഞ്ഞിരുന്നു. മനം പുരട്ടിയതിനാല്‍ അയാള്‍ക്കന്ന് പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയിരുന്നില്ല; ഒരു ശ്രദ്ധയുമില്ലാത്ത സ്ത്രീയാണ്; വെച്ചുണ്ടാക്കിയതിലൊക്കെ ചോര പറ്റിക്കാണും. എനിക്ക് നിന്റെ ശബ്ദം കേട്ടാല്‍ പോര ജമീല, നിന്നെക്കാണണം. നിന്റെ തേനൂറുന്ന ശബ്ദത്തില്‍ നിന്ന് എനിക്ക് നിന്നെ ഊഹിയ്ക്കാം, എങ്കിലും അത് പോര ജമീല; നമ്മളെന്നാണ് കാണുക. ഭാര്യ പേരെടുത്ത് വിളിക്കാത്ത അഡ്‌നാന്‍ ഓരോ വാക്യത്തിലും ജമീലേ എന്ന് വിളിച്ചു. അയാള്‍ അവസരമുണ്ടാക്കി പുറപ്പെട്ട ദിവസം തന്നെയായിരുന്നല്ലോ അവള്‍ക്കും സൗകര്യം. അയാള്‍ ജീവിതത്തില്‍ അനുഭവിച്ച അസ്വസ്ഥതകള്‍ തന്നെയായിരുന്നു അവളനുഭവിച്ച അസ്വസ്ഥതകളും. ജലാലുദ്ദീന്‍ റൂമിയുടെ വരി അയാള്‍ ചൊല്ലി അവള്‍ക്കും ഹൃദിസ്ഥമായിരുന്നു. ''നമ്മള്‍ ഒരുമിച്ചിരിക്കുമ്പോള്‍ നമ്മള്‍ നമ്മളല്ല.'' അതേ വാക്യം ഭാര്യയുടെ സമീപത്തിരിക്കുമ്പോള്‍ ഓര്‍ത്ത് ഭയപ്പെടാനും അതേ വാക്യം ജമീലയെ ഓര്‍ത്ത് രോമഞ്ചം കൊള്ളാനും അയാള്‍ ഉപയോഗിച്ചു. ജമീലാ, എന്ത് സ്വാദാണ് നിന്റെ ശബ്ദത്തിന്, നിന്റെ ശബ്ദം കൂട്ടി കാപ്പി കുടിക്കാന്‍ എന്തു സുഖമാണെന്നോ?

സനാ എന്നായിരുന്നു ജമീലയുടെ യഥാര്‍ത്ഥ പേര്. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലൊഴികെ ഇയ്യിടെ എല്ലായ്‌പോഴും ജമീലയായിരുന്നു സനാ. സ്‌നേഹപൂര്‍വ്വം അവള്‍ സ്വയം വിളിക്കുന്നതും ജമീല എന്നായിരുന്നു. കണ്ണാടിയില്‍ പ്രതിബിംബിച്ചത് ജമീലയായിരുന്നു. ജമീലാ, നിന്റെ മിഴികള്‍ ഇന്നെത്ര വാചാലമാണ്. ജമീലാ അരമണിക്കൂര്‍ കൂടി ക്ഷമിയ്ക്ക്, പത്തുമണിക്ക് അഡ്‌നാന്‍ വരും. ഒരിയ്ക്കലും എന്റെ അഡ്‌നാന്‍ എനിയ്‌ക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. അഡ്‌നാനുമായി ചാറ്റ്‌റൂമിലിരിക്കുമ്പോള്‍ ഭര്‍ത്താവൊരിയ്ക്കലും വീട്ടില്‍ കയറിവന്നിട്ടില്ല. ദൈവത്തിന് സമ്മതമായിരിക്കണം. അവിടുന്ന് എത്ര കഷ്ടപ്പെട്ടിട്ടാണ് നമുക്ക് വഴികള്‍ തുറന്നുതരുന്നത്. താന്‍ അഡ്‌നാനുമായടുക്കുന്ന അതേ അളവില്‍ ബെക്കര്‍ അവളുമായകന്നത് അവള്‍ക്ക് ദൈവഹിതമായിത്തോന്നി. നിങ്ങളെന്നെ പ്രേരിപ്പിക്കുന്നു, നയിക്കുന്നു; ഭര്‍ത്താവിന്റെ എങ്ങോട്ടോ പുറപ്പെട്ട് നില്‍ക്കുന്ന മട്ടിലുള്ള ഫോട്ടോ നോക്കി അവള്‍ കുറ്റപ്പെടുത്തി.
ഈ അഡ്‌നാന്‍ എത്ര പെട്ടെന്നാണ് തന്നെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗ്രഹിക്കുന്നത്? ഇതിന്റെ നാലിലൊന്ന് ധാരണ എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍. അഡ്‌നാന്റെ അടുത്തേക്ക് തനിക്ക് പകുതി ദൂരം നടന്നാല്‍ മതി; ജമീല അഡ്‌നാനെയും തന്റെ ഭര്‍ത്താവിനേയും പോലെ കവിതയിലോര്‍ത്തു. പക്ഷെ അഡ്‌നാന്‍ ബെക്കറിനെപ്പോലെയല്ല. അതേ വസ്തു വെളിച്ചത്തിലും അതേ വസ്തു ഇരുട്ടിലും എന്ന വ്യത്യാസമുണ്ട് അവര്‍ തമ്മില്‍. വിയര്‍ക്കുവോളം പണിതിട്ടും അല്പം മാത്രം വിളവ് തന്ന ഒരു തോട്ടമായിരുന്നു ഭര്‍ത്താവെങ്കില്‍ പൂക്കളും പഴങ്ങളും കൊണ്ട് ഭാരിച്ച ചില്ലകളും കൊമ്പുകളുമുള്ള ഒരുദ്യാനമായിരുന്നു കാമുകന്‍. ഉദ്യാനത്തില്‍ നിന്നാണ് പറുദീസ എന്ന വാക്കുണ്ടായതത്രെ; അഡ്‌നാന്‍ പറഞ്ഞതാണ്. എങ്കിലും അവര്‍ തമ്മില്‍ അവ്യക്തമായ ചില സാദൃശ്യങ്ങളില്ലേ? ഒരു പക്ഷെ ആണുങ്ങള്‍ക്ക് പൊതുവായുള്ള ചില സാമ്യങ്ങളായിരിക്കാം.

അവളുടെ ജീവിതത്തിലെ ആദ്യ അന്യപുരുഷനായിരുന്നു അഡ്‌നാന്‍. ഭര്‍ത്താവ് അച്ഛനെപ്പോലെയോ സഹോദരനെപ്പോലെയോ ആയിരുന്നു അവള്‍ക്ക്. അയാള്‍ തൊട്ടപ്പോള്‍ അവള്‍ക്ക് തരിച്ചില്ല. അച്ഛനോ അച്ഛന്‍ വീട്ടിലില്ലാതിരുന്നപ്പോള്‍ സഹോദരനോ പരിഹരിച്ച പോലൊരരക്ഷിതത്വം അയാളും പരിഹരിച്ചിരുന്നു. ആദ്യത്തെക്കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം- ആ ദിവസങ്ങളെങ്ങോട്ടാണോടിപ്പോയത്, ഒന്നിന് പുറകെ ഒന്നായി, ചിലത് ചിലതിന്റെ മുന്നില്‍ക്കടക്കാന്‍ ശ്രമിച്ച് കൊണ്ട് ഇറക്കത്തിലെ പന്നിപ്പറ്റത്തെപ്പോലെ- അയാള്‍ പ്രത്യേകതകള്‍ നഷ്ടപ്പെട്ട് അവരെപ്പോലെയായി. ഇരുട്ടില്‍ ഇഴജീവികളെപ്പോലെ വരുന്ന കൈകളുടെ തണുപ്പ് അവള്‍ക്കസഹ്യമായിത്തോന്നി. അപ്പോഴാണ്, പരമകാരുണികനായ ദൈവമേ ഈ അഡ്‌നാന്‍. പറഞ്ഞാല്‍ തീരാത്ത, കേട്ടാല്‍ മതിവരാത്ത, ഓരോ അണുവിലും വെളിച്ചം നിറയ്ക്കുന്ന ഈ അഡ്‌നാന്‍. അഡ്‌നാന്‍ സ്‌നേഹിക്കുമ്പോള്‍ കുറ്റാക്കൂരിരുട്ടില്‍ തനിക്ക് വഴികാണാനാവുന്നു.

ജമീലയുടെ സ്ഥാനത്ത്, പറഞ്ഞുറപ്പിച്ച സ്ഥലത്ത്, കാത്തു നില്‍ക്കുന്ന സനായെക്കണ്ടപ്പോള്‍, ഒട്ടും വൈകാതെ കണ്ടപ്പോള്‍, ആവശ്യപ്പെട്ട വേഷത്തില്‍ കണ്ടപ്പോള്‍ ഒരു നിമിഷം കൊണ്ടയാളനുഭവിച്ച ആത്മനിന്ദ, ഒരു പക്ഷെ അവള്‍ മാത്രം അനുഭവിച്ചതിന് തുല്യമായിരിക്കാം. ലോകത്തില്‍, നൊടിയിടയില്‍ ഇത്ര ദയനീയമായിത്തകര്‍ന്ന ഒരു ദാമ്പത്യവുമുണ്ടായിട്ടുണ്ടാവില്ല. രഹസ്യം ഇങ്ങനെ അറിയപ്പെട്ടുപോയ, വഞ്ചന ഇങ്ങനെ വെളിവായ, നഗ്നത ഇങ്ങനെ കാണപ്പെട്ട, ആത്മാവോടെ ഇങ്ങനെ പിടിക്കപ്പെട്ട ആരും ഒരിക്കലും ഉണ്ടായിട്ടില്ല. അദ്‌നാനിഷ്ടമുള്ള നിറമുള്ള വസ്ത്രത്തില്‍, അവളിന്നലെ നഗരത്തില്‍ എത്ര തെരഞ്ഞു അത് കിട്ടാന്‍, വന്നു നിന്ന ജമീല നുണയന്‍ നുണയന്‍ എന്ന് പറഞ്ഞ് മോഹാലസ്യപ്പെട്ടു. അയാള്‍ അറബിയില്‍ മൂന്നു തവണ മൊഴിചൊല്ലി. ദൈവമേ നീ എന്തൊരു കളിയാണ് ഈ പഞ്ചപാവങ്ങളെ കളിപ്പിച്ചത്?

പെട്ടെന്നുണ്ടായ ക്ഷോഭങ്ങള്‍ക്ക് ശേഷം മറ്റൊരു പരിണാമം ഈ കഥയ്ക്കുണ്ടാവുമോ? നമുക്ക് പരസ്​പരമല്ലാതെ പ്രണയിക്കാനാവില്ലെന്ന്, നമുക്ക് നമ്മളല്ലാതെ മറ്റാരുമില്ലെന്ന്, ചോറിന് വിളിക്കുമ്പോള്‍ മതിയാക്കാവുന്ന വേഷം കെട്ടലേ നമുക്കുള്ളൂ എന്ന്, നമ്മള്‍ നിസ്സഹായരായ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ ഉയിര്‍ത്തെഴുനേല്‍ക്കുമോ? നമ്മള്‍ പരസ്​പരം സ്‌നേഹിക്കേണ്ടവരാണെന്നറിയാന്‍ ദൈവം ഒരുക്കിത്തന്ന വഴിയായി ഇതിനെയവര്‍ കാണുമോ? നമ്മള്‍ എത്ര ആരാധിച്ചു; പരസ്​പരം എത്ര ആരാധ്യരാണ് നമ്മള്‍ എന്ന് അവര്‍ വൈകിയാണെങ്കിലും മനസ്സിലാക്കുമോ? അവര്‍ തുറന്ന് പറയാതിരുന്നതിനാലോ തുറന്ന് പറഞ്ഞതിനാലോ പരസ്​പരം മനസ്സിലാക്കാതിരുന്നത്? പല സൂചനകളും തിരിച്ചറിയാതിരുന്നത് അവര്‍ സ്വയമറിയാതിരുന്നത്ര പരസ്​പരം സ്‌നേഹിച്ചതുകൊണ്ട് കൂടിയായിരുന്നോ? ബോധതലങ്ങള്‍ക്ക് മാത്രമായിരുന്നോ അവരുടെ സ്‌നേഹം മനസ്സിലാവാതിരുന്നത്? (ശത്രുവായിരുന്ന ഭാര്യ പരേതന്റെ പായിലിരുന്ന് മുളപൊട്ടുന്നത് പോലെ കരയുന്നത് കാണുന്നില്ലേ?) ഇഷ്ടങ്ങളിലെ ഛായകള്‍, ഭാഷയിലെ ഛായകള്‍ അവര്‍ക്ക് വിചിത്രമായ ഒരഗമ്യസുഖം നല്‍കിയിരിക്കുമോ? അവള്‍ തന്നെ മറ്റൊരുവളില്‍ അയാള്‍ തന്നെ മറ്റൊരുവനില്‍ വന്നപ്പോഴുണ്ടായ ആനന്ദമായിരുന്നോ ആ ബന്ധത്തിലെ ആനന്ദം? യുവാവിന് അമ്മയുടെ ഛായയുള്ളൊരു യുവതിയോട് തോന്നുന്ന അതിമമത പോലൊന്ന് അവര്‍ പരസ്​പരം അറിഞ്ഞുവോ?

കാമുകി ഭാര്യയായും കാമുകന്‍ ഭര്‍ത്താവായും മാറിയപ്പോള്‍ ഉണ്ടായ ദുരന്തമല്ലേ ഈ സംഭവത്തിലെ ദുരന്തം? അദൃശ്യമായ കയറില്‍ ബന്ധിക്കപ്പെട്ട രണ്ട് മൃഗങ്ങള്‍ തമ്മിലുള്ള അസ്വസ്ഥത, പരസ്​പരം അഭിലഷിക്കത്തക്ക ഗുണങ്ങളൊക്കെ ഉള്ളവരായിട്ടും, (കണ്ണുകെട്ടി വിട്ടോളൂ അവര്‍ അവരെത്തന്നെ ആവും കണ്ടെത്തുക) ദമ്പതികളെ വിരൂപരാക്കുന്നില്ലേ? ചെയ്യുന്നത് ചെയ്യേണ്ടതാവുന്ന പരിസരത്തെ ആരെങ്കിലുമിഷ്ടപ്പെടുമോ? എല്ലാം തികഞ്ഞവനാണെന്റെ ഭര്‍ത്താവ്, അയാള്‍ ജാരനായിരുന്നെങ്കില്‍ എന്ന അമരുകശതകത്തിലെ തമാശയില്‍ വേദനയേയുള്ളൂവെന്ന് ഞാനിപ്പോഴറിയുന്നു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തല്‍സമയം എന്ന പുസ്തകത്തില്‍ നിന്ന്)

കല്പറ്റ നാരായണന്‍          http://www.mathrubhumi.com/books/story.php?id=699&cat_id=500#

No comments:

Post a Comment